Here’s how the husband in me reacted to Mohanlal’s ‘മുന്തിരിവള്ളി’!
നമ്മുടെ ലാലേട്ടനെ മിസ്യൂസ് ചെയ്യുന്നതിനൊക്കെ ഒരതിരില്ലേ?
സാമാന്യം ഭേദപ്പെട്ട ഒരു വൈഫും, അതിലും എത്രയോ മെച്ചപ്പെട്ട ഒരു ലൈഫും ഒക്കെ സ്വന്തമായിട്ടുണ്ടായിരുന്ന, മധ്യവയസ്ക്കനായ ഒരു ശരാശരി മലയാളി യുവാവായിരുന്നു ഇന്നലെ വരെ ഈ ഞ്യാൻ.
അങ്ങനെയുള്ള എന്നെപോലുള്ളവരുടെ നെഞ്ചത്തോട്ടാണ് ഒരു ലൊട്ടുലൊടുക്ക് മുന്തിരിവള്ളി യും പൊക്കി പിടിച്ചോണ്ട് ഈ സിനിമയുടെ അണിയറ പ്രവർത്തകർ ഇക്കഴിഞ്ഞ ദിവസം ഇടിച്ചു കയറി വന്നത്.
അതും എജ്ജാതി മാർക്കറ്റിംഗ്. “മൈ ലൈഫ് ഇസ് മൈ വൈഫ്”, “ഭർത്താവിന്റെ സ്നേഹമാണ് ഭാര്യയുടെ സൗന്ദര്യം” എന്നൊക്കെ തുടങ്ങി നട്ടാൽ കുരുക്കാത്ത സൈസ് പലവിധ കല്ലു വച്ച സ്ലോഗണുകളും.
അതുക്കും മേലേ… നാനാവിധ കോമ്പ്രോമൈസിങ് പോസുകളില്‍ ലാലേട്ടനെ വച്ചുള്ള പോസ്റ്ററുകളും.
സ്വന്തം വൈഫിലോ, കുറഞ്ഞ പക്ഷം സ്വന്തം ലൈഫിലെങ്കിലുമോ കുറച്ചെങ്കിലും പ്രതീക്ഷകള്‍ അവശേഷിക്കുന്ന ഭർത്താക്കന്മാർക്ക്, ഉള്ള ഭാര്യമാരേയും പിള്ളാരെയും ഒക്കെ വിളിച്ചോണ്ട് എത്രയും പെട്ടെന്ന് തന്നെ ഈ പടത്തിന് ഇടിച്ചു കയറുകയല്ലാതെ മറ്റ് നിർവാഹമില്ല.
ആ ഒരു തെറ്റേ ഈ ഞാനും ചെയ്തൊള്ളൂ.
ഓപ്പണിങ് ബാറ്റസ്മാന് വച്ചിരുന്നത് വൺ ഡൌൺ ബാറ്റസ്മാന് കൊണ്ടുപോയി എന്ന് പറഞ്ഞത് പോലെ തുടക്കത്തിലേ തന്നെ അപശകുനമായി രാഹുൽ ദ്രാവിഡിന്റെ പെർഫോമൻസ്.
ലാലേട്ടൻ പൊന്നുരുക്കുന്നിടത്ത് രാഹുൽ ദ്രാവിഡിനെന്ത് കാര്യം എന്നാണെങ്കില്‍ പ്രശ്നം പുകവലി തന്നെ. വെള്ളമടിച്ച് പല നിറത്തിലും തരത്തിലും വാള് വച്ചിട്ടുള്ള മലയാളികളായ നമ്മളെ ഉപദേശിച്ച് നന്നാക്കാനായി, ഒരു അവിഞ്ഞ ഡബ്ബിങ് സമുണ്ടുമായി ആദ്യമേ തന്നെ അദ്യേം വന്ന് പറേണയാണ് – “പുകവലിക്കെതിരെ വാള് വയ്ക്കാൻ”.
“ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?” എന്നൊക്കെ ചോയിച്ചോണ്ടുള്ള ഗഹനവും തത്വചിന്താപരമായ പുകവലി പോസ്റ്റുകളും പ്രതീക്ഷിച്ചിരുന്ന എന്റെ കാര്യം കട്ടപ്പുക എന്ന് പറഞ്ഞാൽ മതിയല്ലോ.
പിന്നങ്ങോട്ട് വച്ചടി വച്ചടി സ്ലിപ്പിങ് ആയിരുന്നു, സുഹൃത്തുക്കളേ.
മലയാളി വീട്ടമ്മമാരിൽ പൊതുവേ കണ്ടുവരാറുള്ള പുളിച്ചു തികട്ടൽ, ദഹനക്കേട്, മനംമടുപ്പ്, സൗന്ദര്യകുറവ്, സീരിയൽ കാണൽ, എന്ന് വേണ്ട ഒട്ടുമിക്ക എല്ലാ വിധ മാറാവ്യാധികളുടെയും ലളിതവും സമ്പൂർണവും സഹസ്രനാമവുമായ ഒൺ ആൻഡ് ഒൺലി ഒൺ റീസൺ ഭർത്താക്കന്മാരുടെ സ്നേഹക്കുറവാണ് പോലും.
ഒരു ശരാശരി ഭർത്താവിന്റെ ശ്വാസകോശവും മറ്റ് ആന്തരികാവയവങ്ങളും സ്പോഞ്ച് പോലെയാകുവാൻ ഏതാണ്ട് ഇത് മതി. വലിയൊരു സ്പോഞ്ച്.
എന്തിനേറെ പറയണ്, ഇന്റർവെലിന് മുമ്പേ തന്നെ ആശാ ശരത്തിന് ചെറിയൊരു റോളും, വലിയ വലിയ ഡയലോഗുകളും (അതും ലാലേട്ടനെ എടാ പോടാന്നൊക്കെ വിളിച്ചോണ്ടൊള്ള ടൈപ്പ് ഐറ്റംസ്) ഒക്കെ കൊടുക്കുന്ന സ്ഥിതിവരെയെത്തി കാര്യങ്ങളുടെ കിടപ്പ്. എന്തും സംഭവിക്കാവുന്ന സ്ഫോടകാത്മകമായ നിമിഷങ്ങൾ.
പക്ഷേ പെട്ടെന്നാണത് സംഭവിച്ചത്. പള്ളിയുടെ തിരുമുറ്റത്ത് വച്ച് സ്വന്തം ഭാര്യയുടെ ‘ബാക്ക്’ ശരിക്കും കണ്ട ലാലേട്ടൻ, പുള്ളി തന്റെ പഴയൊരു ‘ഫ്രണ്ട്’ ആയിരുന്നു എന്നുള്ള സത്യം തിരിച്ചറിയുകയായിരുന്നു കൂട്ടരേ, തിരിച്ചറിയുകയായിരുന്നു.
പിന്നീടങ്ങോട്ട് കിണറ്റീന്ന് വെള്ളം കോരി തുണി നനച്ചിടൽ, സിംലയീന്ന് ഐസ് കോരി അങ്ങോട്ടും ഇങ്ങോട്ടും എറിയൽ, അടുപ്പിലെ കുടത്തീന്ന് ആവി കോരി പുട്ട് ചുടൽ, എന്നിങ്ങനെ മേലനങ്ങുന്നതും, പൈസ ചിലവാകുന്നതുമായ പലവിധ പ്രണയചേഷ്ടകളിലേർപ്പെടുന്നു അദ്ദേഹത്തിലെ കമ്പ്ലീറ്റ് ആക്ടർ.
കുഞ്ഞുന്നാളിലേ ബ്രൂസ് ലീയുടെ ചില ഇടിപടങ്ങള്‍ കണ്ടേച്ചും വന്നു, വീട്ടിലെ ചുവരിലും കരിങ്കല്ലിലും ഒക്കെ മുഷ്ടി ചുരുട്ടി മാറി മാറി ഇടിച്ചപ്പോഴുണ്ടായ ആ ഹൃദയവേദന ഒരിക്കൽ കൂടി ഞാൻ ഇന്നലെ അനുഭവിച്ചറിഞ്ഞു. സിനിമയില്‍ കാണുന്നത് ജീവിതത്തില്‍ നാം ഒരിക്കലും അനുകരിക്കാൻ പാടില്ല എന്നുള്ള തിക്തമായ പാഠം ഞാൻ അന്നേ പഠിച്ചതാണ്.
പക്ഷേ അതൊന്നും ഇനിയിപ്പോ ഇവിടെ പറഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം എന്റെ ഭാര്യക്കറിഞ്ഞു കൂടല്ലോ ഞാനും ബ്രൂസ് ലീയുമായുള്ള കിടപ്പുവശമൊക്കെ.
ഇനിയങ്ങോട്ടുള്ള എന്റെ ഭർത്താവുദ്യോഗം, ജാക്കി ചാന്റെ സിനിമാറ്റിക് പെർഫോമൻസ് പോലെ കടുകട്ടിയായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പ്. കൈവിട്ടുള്ള പല കളികളും കളിക്കേണ്ടി വന്നേക്കാം. അതും ഡ്യൂപ്പൊന്നുമില്ലാതെ തന്നെ.
പക്ഷേ ഇതൊക്കെ ഭർത്താക്കന്മാർക്കല്ലേ? ഭർത്താവാകാൻ ലവലേശം താത്പര്യമോ ഉദ്ദേശമോ തീരെയില്ലാത്ത പൂവാലന്മാർക്ക് പ്രശ്നമൊന്നുമില്ലല്ലോ ചേട്ടാ, എന്നാണെങ്കില്‍ പണി പാളി മോനേ.
ഇജ്ജാതി ടീമ്സിനെ അടിച്ചു കൊന്നു സിമെന്റിൽ താഴ്ത്തുകയാണ് ലാലേട്ടൻ ദൃശ്യത്തിൽ ചെയ്തതെങ്കില്‍, അതൊക്കെ വെറും ചെറുത് എന്നുള്ള രീതിയിലാണ് ഈ പടത്തിന്റെ ക്ലൈമാക്സ്.
അതും പരട്ട സൈക്കിളില്‍ ചുറ്റിത്തിരിഞ്ഞ് ഒലിപ്പിച്ച് നടക്കുന്ന വാലാ കോലാ പൂവാലന്മാരുടെ കാര്യമല്ല ഞാനീ പറയുന്നത്. നല്ല ബൈക്കും, കാറും, SUV-യും, കൂളിംഗ് ഗ്ലാസ്സും, എന്തിനേറെ ഓമനത്തമുള്ള വലിയൊരു ഊശാൻ താടി വരെ സ്വന്തമായുള്ള ബിൽ ഗേറ്റസിന്റെ മക്കൾക്ക് പോലും കേരളത്തീന്നൊരു പെൺകൊടിയെ വളച്ചെടുക്കാൻ ഇനിമേൽ പറ്റുമെന്ന് തോന്നുന്നില്ല.
രോമാഞ്ചമേറ്റുന്ന റൊമാന്റിക് സീനുകളിൽ, കമ്പ്ലീറ്റ് ആക്ടറായ ലാലേട്ടനുമായി കിടപിടിക്കാൻ കഴിവുള്ളവര്‍ മാത്രം പുതുമുഖങ്ങളായി ഈ മേഖലിയിലോട്ട് ഇനിയങ്ങോട്ട് കടന്നു വന്നാൽ മതി എന്നാണ്, നാളത്തെ വാഗ്ദാനങ്ങളായ നമ്മുടെ യുവതലമുറക്ക്, ഈ ചിത്രത്തിലൂടെ ഞാൻ കാണുന്ന കരിയർ ആഡ്വൈസ്. പെറ്റ തള്ള സഹിക്കൂല്ല മോനേ.
ഇപ്പൊ നിങ്ങളിൽ ചിലര്‍ ചോദിക്കുമായിരിക്കും. അനിയാ, ഈ ഫോട്ടോഗ്രഫി, സിനിമാട്ടോഗ്രഫി, ചിത്രസംയോജനം, സംഭാഷണം, സംവിധാനം, പശ്ചാത്തലസംഗീതം ഇത്യാദി വകഭേദങ്ങളെ കുറിച്ചൊന്നും ഒന്നും തീരെ പറഞ്ഞു കണ്ടില്ല. അത് എന്ത്യേ എന്ന്… ഒരുമാതിരി ചൊറിയല്ലേ…
ഫോട്ടോഷോപ്പിലൂടെ വരയിച്ചെടുത്ത നല്ലൊരു പടവുമായി, അങ്ങ് മറീന ബീച്ചില്‍ ജെല്ലിക്കെട്ടിനെ വരെ സപ്പോർട്ട് ചെയ്ത് നടന്ന ഈ ഞാൻ ഇപ്പൊ ഒരു താലികെട്ടിനെ പോലും സപ്പോർട്ട് ചെയ്യാൻ പറ്റാത്ത വല്ലാത്തൊരു ദുരവസ്ഥയിലെത്തി നിക്കയാണ്. അപ്പോഴാണ് പശ്ചാത്തലസംഗീതം.
പക്ഷേ ഇതങ്ങനെ വെറുതെ വിട്ടുകൊടുക്കാനൊന്നും എന്നിലെ ഭർത്താവ് ഒട്ടും തയ്യാറല്ല കേട്ടാ. ലാലേട്ടനെ വച്ച് തന്നെ ഇതിനെതിരെ ശക്തവും വ്യക്തവുമായ ഒരു മറുപടി. അതെ, അതാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഇപ്പൊ സ്ക്രിപ്റ്റിന്റെ പണിപ്പുരയിലാണ്.
സ്ലോഗണുകളൊക്കെ ആൾറെഡി തന്നെ, റെഡി. ചെക്ക് ദിസ് ഔട്ട്:
“മൈ ഹസ്സ് ഈസ് മൈ ബ്ലിസ്”. “ഭർത്താവിന്റെ സന്തോഷമാണ് ഭാര്യയുടെ ഐശ്വര്യം”.
ഭൂമിമലയാളത്തിലെ എല്ലാ നല്ലവരായ ഭർത്താക്കന്മാരും എന്റെ ഈ ഒരു എളിയ സംരംഭത്തെ ലൈക്കിയും, കംമെന്റടിച്ചും, ഷെയറിട്ടും പ്രോത്സാഹിപ്പിക്കുമെന്ന് കരുതട്ടെ.
നമ്മുടെ ചാരിതാര്‍ഥ്യം വരെ നഷ്ടപ്പെട്ട് പോകാൻ സാധ്യതയുള്ള കേസാണ്. നമ്മള് മണ്ണും ചാരി നിന്നാൽ, പെണ്ണുങ്ങള് എല്ലാം കൊണ്ട് പോകും. ഉടനടി എന്തെങ്കിലും ചെയ്തേ മതിയാവൂ.
നമ്മുടെ മുന്തിരിവള്ളി കളും തളിർക്കണ്ടേ?