ബിജു എന്നാണ് പേരെന്ന് കേട്ടപ്പോൾ ആദ്യമൊന്നും ഞാൻ തീരെ വിശ്വസിച്ചില്ല. കളിതമാശക്കും ഇല്ലേ ഒരതിരൊക്കെ. അതും സ്വന്തം ലൈഫിലെ ആദ്യത്തെ പ്രൊഡക്ഷന് പേരിടുമ്പോൾ.
പക്ഷേ, ആ പേരില് കേരള സര്ക്കാരിന്റെ ജനന സർട്ടിഫിക്കറ്റ് വരെ എടുത്ത് വച്ചിരിക്കയാണ്, അച്ഛനും അമ്മയും എന്നറിഞ്ഞതോടെ പകച്ചുപോയി എന്റെ ബാല്യം.
തുടക്കത്തിലേ തന്നെ, മോശപേരായല്ലോ എന്റെ ശിവനേ!
ഇനിയിപ്പോ ആ പേരുദോഷം മാറ്റാനായി വല്ല അമ്പലത്തിലെങ്ങാനും പോയി അര്ച്ചനയോ, വെടിവഴിപാടോ മറ്റോ നടത്താമെന്ന് വച്ചാലോ, നാളും പേരും മറ്റും പറയാതെ ഒന്നും നടക്കയുമില്ല, പേരു പറഞ്ഞാലാകട്ടെ വെടി വയ്ക്കുന്ന ചേട്ടനുപോലും ഒട്ട് ബഹുമാനവുമില്ല.
അങ്ങനെ ജീവിതം തന്നെ ഇരുളടഞ്ഞ ആ ദുര്ബല നിമിഷത്തിൽ, ഞാൻ ജ്യോതിഷശിരോമണി ആറ്റുകാൽ-ജി യെ നേരിൽ കണ്ട് ഇങ്ങനെ ഉരുളി ചെയ്തു : എന്തെങ്കിലുമൊക്കെ ചെയ്തു നല്ലൊരു പേരെടുക്കണമെന്നുണ്ട്, ഗുരോ. വല്ലതും നടക്ക്വോ?
ആറ്റുകാൽ-ജി : വളരെ നല്ല ആഗ്രഹമാണ് മോനേ. അതിനായി നീ facebook-ഇലും മറ്റും അക്കൗണ്ട്‌കളൊക്കെ എടുത്ത്, സല്സയും ക്രിക്കെറ്റും ഒക്കെ കളിച്ച് വലിയ മാർക്കറ്റിംഗ് ഒക്കെ നടത്തുകയും ചെയ്യും. പക്ഷേ വലിയ സ്കോപ്പ് ഒന്നും കാണുന്നില്ല, വത്സാ.
ബിജു : അപ്പൊ പിന്നെ അടിയന്റെ കാര്യം കട്ടപുക എന്നാണോ, മഹാത്മൻ?
ആറ്റുകാൽ-ജി : Looks like it, my boy. ജാത്യാലുള്ളതു തൂത്താൽ പോവില്ല, എന്നാണല്ലോ. പിന്നെ ബിജു എന്നുള്ള പേരുമിട്ടു, മലയാള സിനിമയിലേക്ക് വല്ല Action Heroes-ഉം കടന്നു വന്നാൽ ലേശം ആശ്വാസം കിട്ടിയേക്കാം.
അന്ന് തുടങ്ങിയ കാത്തിരിപ്പാണ്.
ഉള്ളത് പറയണമല്ലോ. പ്രേം നസീറിന്റെ കയ്യീന്ന് എനിക്ക് വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. ബിജു എന്നൊക്കെ പേരുമിട്ടോണ്ട് കേറി വന്നാൽ, ടിയാന്റെ റൊമാന്റിക് ഹീറോ ഇമേജു തന്നെ തകരും, പിന്നല്ലേ Action Hero.
ജയൻ മാത്രമായിരുന്നു ആകെയൊരു പ്രതീക്ഷ. പക്ഷേ എന്റെ കണ്ടകശനി അവിടെയും എന്നെ ചതിച്ചു.
പിന്നെ മംമ്മൂട്ടി, മോഹൻലാൽ സുരേഷ് ഗോവി, സുരാജ് വെഞ്ഞാറമൂട്, എന്നിങ്ങനെ പല സൂപ്പർ സ്റ്റാറുകളും വരേം, ഭരത് അവാർഡൊക്കെ വാങ്ങി പോവേം ചെയ്തു. പക്ഷേ ബിജു എന്നുള്ള പേര്, വലിയോരു കമ്പിപാര കൊണ്ടുപോലും ഒന്ന് തൊട്ടു നോക്കാനുള്ള ധൈര്യം അവരൊന്നും കാണിച്ചില്ല.
ബിജുക്കളെ കുറിച്ചാണെങ്കിലോ, തോലുരിഞ്ഞു പോകുന്ന സൈസ് ഇമ്മാതിരി വാര്ത്തകള് പിന്നേയും ബാക്കി :
“ബിജു കണ്ടാൽ എത്ര മാന്യൻ, എന്നാൽ തട്ടിപ്പിൽ ആരേയും കുടുക്കുന്ന വീരൻ ”
“അമേരിക്കയിൽ ബിജു തട്ടിയത് കോടികൾ”
“കൂട്ടുകാരനും കൊടുത്തു ബിജു എട്ടിന്റെ പണി”
ഇങ്ങനെ എത്രയെത്ര തലക്കെട്ടുകൾ, തലയിൽ കൊട്ടുകൾ.
അങ്ങനെ എല്ലാ പ്രതീക്ഷയും അസ്തമിച്ച്, toddy-ക്ക് കയ്യും കൊടുത്ത് ഷാപ്പില് ഇരിക്കുമ്പോഴാണ് നിവിൻ പോളി എന്നൊരു IT-ക്കാരൻ ഇന്ഫോസിസിലെ നല്ലൊരു ജോലിയുമൊക്കെ കളഞ്ഞ്, കറുത്ത ഷർട്ടും വെളുത്ത മുണ്ടുമൊക്കെ ഇട്ട്, മൂന്ന് പെൺകുട്ടികളേയും പ്രേമിച്ചുകൊണ്ട് അതുവഴി കടന്നു വന്നത്.
ബിജുക്കളുടെ ദയനീയ അവസ്ഥ കണ്ട് മനസ്സ് മഞ്ഞളിച്ച അദ്ദേഹം, സ്വന്തം കയ്യീന്നു സ്വപ്പം കാശ് പൊടിഞ്ഞാലും സാരമില്ല, എന്തെങ്കിലുമൊക്കെ ചെയ്തിട്ടുതന്നെ ബാക്കി കാര്യം, എന്ന് ദൃഡ നിശ്ചയം എടുക്കുകയും, അടിപൊളി ഫിലിം മേക്കർ, Abrid Shine-ഇന് ഉടൻ തന്നെ കൊട്ടേഷന് കൊടുക്കുകയും ചെയ്തു.
എന്തിനേറെ പറയുന്നു, സിനിമ കണ്ടിരുന്നപ്പോൾ തന്നെ മനസിലായി കാത്തിരിപ്പ് വെറുതെയായില്ലെന്ന്.
പട്ടി കുട്ടിയെ കടിച്ചതായാലും, കുട്ടി കഞ്ചാവ് വലിച്ചതായാലും, വിവാഹത്തിന് മുമ്പുള്ള പ്രേമമായാലും, വിവാഹത്തിന് ശേഷം അയല്പക്കക്കാരനോട് തോന്നുന്ന അവിഹിത പ്രണയമായാലും, Action Hero ബിജു വിചാരിച്ചാൽ പറഞ്ഞു കോമ്പ്ലിമെന്റ്സ് ആക്കാനുള്ള പ്രശ്നങ്ങളേ ഇന്ന് കേരളത്തില് നിലവിലുള്ളൂ.
പോരാത്തതിനു കുനിച്ചു നിറുത്തി നാളികേരത്തിനിടിയും, മേമ്പൊടിക്ക് അത്യാവശ്യം തെറി വിളിയും.
ആനന്ദലബ്ദിക്കിനിയെന്തു വേണം?
I am also like Action Hero Biju!!! (എനിക്കും Action Hero Biju പെരുത്തിഷ്ടായി!!!)
ബാക്കിയൊക്കെ വരുന്നിടത്ത് വച്ച് കാണാം. അങ്ങനെ Action Hero ഒക്കെയായി shine ചെയ്തു നടക്കുന്ന എന്റെ മനസിലിപ്പോഴും ചെറിയൊരു ദുഃഖം മാത്രം പിന്നേയും ബാക്കി:
പാവം എന്റെ അരുമ സഹോദരൻ ബിനു.
ഈ മാറിയ സാഹചര്യത്തില് അവന്റെ കാര്യം ഇനി എന്താകുമോ എന്തോ? ഒരു കുടുംബത്തിലെ ഒരാളെങ്കിലും രക്ഷപെട്ടെന്നു കരുതി സമാധാനിക്കൂ, bro… അല്ലാതിപ്പോ ഞാനെന്തു പറയാൻ?
ഇത് തന്നെ പോളിയുടെയും shine-ഇന്റെയും മനസ്സറിഞുള്ള പരിശ്രമം ഒന്ന് കൊണ്ട് മാത്രം.
അവരോടുള്ള അകമഴിഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നതിനോടോപ്പം, നിങ്ങളോരൊരുത്തരേയും, എന്റെ സ്വന്തം പേരിലും നല്ലവരായ മറ്റു ബിജുക്കളുടെ പേരിലും, ഈ സിനിമ വീണ്ടും വീണ്ടും കണ്ട് അര്മാദിക്കുവാനായി ആഹ്ലാദപൂർവം ഉദ്ബോധിപ്പിച്ചു കൊള്ളുന്നു.
43 വര്ഷത്തെ കാത്തിരിപ്പിന് ശേഷം വന്ന മൊതലാണ്. ഇത് ഞാൻ ഒരു വൻ കൽട്ട് സിലിമയാക്കി മാറ്റും. അത് ഉറപ്പ്!!!